*ഭരണസംവിധാനങ്ങളുടെ കാലതാമസത്തിന് കാത്തുനിൽക്കാതെ സ്വന്തമായി പണം സമാഹരിച്ച് ഭൂമി വാങ്ങി വാഴക്കാട് ഗ്രാമപഞ്ചായത്തിലെ നൂഞ്ഞിക്കര നിവാസികൾ.*
*രണ്ട് പ്രധാന ഗ്രാമീണ റോഡുകളായ ഒൽപ്പംകടവ് - ചക്കുംപൂള, പൊന്നമ്പള്ളി - നൂഞ്ഞിക്കര എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ക്രോസ് റോഡിന്റെ നിർമ്മാണത്തിനായാണ് പ്രദേശവാസികൾ ഒന്നടങ്കം രംഗത്തിറങ്ങിയത്.*
*ഗ്രാമത്തിന്റെ മറുവശത്തുള്ള സ്ഥലങ്ങളിലെത്താൻ വെറും 100 മീറ്റർ ദൂരം മാത്രമുണ്ടായിരുന്നിടത്ത് 2 മുതൽ 4 കിലോമീറ്റർ വരെ ചുറ്റിസഞ്ചരിക്കേണ്ട അവസ്ഥയിലായിരുന്നു ഇതുവരെ നാട്ടുകാർ.* *ഈ ദുരിതത്തിന് പരിഹാരം കാണാൻ പ്രദേശവാസികൾ ചേർന്ന് 13 അംഗ ആക്ഷൻ കമ്മിറ്റി രൂപീകരിക്കുകയും, പത്ത് ലക്ഷത്തോളം രൂപ ജനങ്ങളിൽ നിന്ന് സമാഹരിച്ച് റോഡിനാവശ്യമായ ഭൂമി വാങ്ങുകയുമായിരുന്നു.*
*കൂടാതെ, അഷ്റഫ് തെക്കേക്കണ്ടി (1.17 സെന്റ്), അബ്ദു ചോലയിൽ (0.62 സെന്റ്), അലിഹാജി മാളിയേക്കൽ (0.15 സെന്റ്) എന്നിവർ സ സൗജന്യമായി ഭൂമിയും വിട്ടുനൽകി.*
*കൊടുവാൻപറമ്പ് താഴം മുതൽ ചെറുചോല താഴം വരെ 98.5 മീറ്റർ നീളത്തിലും 4 മീറ്റർ വീതിയിലുമാണ് റോഡ് വരുന്നത്.*
*ഏകദേശം 300-ഓളം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന ഈ റോഡിന്റെ നിർമ്മാണത്തിന് 60 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.*
*വാങ്ങിയ ഭൂമിയുടെ രേഖകൾ വാർഡ് മെംബർ , ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ചേർന്ന് വാഴക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ഔദ്യോഗികമായി കൈമാറി. റോഡ് നിർമ്മാണം എത്രയും വേഗം ആരംഭിക്കുമെന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്.
0 Comments