തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തെ പാർക്കിങ് ഏരിയയില്‍ നവജാതശിശുവിൻ്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി
മാസം തികയാതെ പ്രസവിച്ച കുഞ്ഞിൻ്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്.
മെഡിക്കല്‍ കോളേജിലെ സുരക്ഷാ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് അധികൃതരെ വിവരമറിയിക്കുകയും ഉടൻ തന്നെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.
സമീപത്തെ എസ്.എ.ടി (SAT) ആശുപത്രിയില്‍ പ്രസവിച്ച കുഞ്ഞിൻ്റെ മൃതദേഹമാണിതെന്ന് സംശയിക്കുന്നുണ്ടെങ്കിലും, ഇത് എങ്ങനെ മെഡിക്കല്‍ കോളേജ് പാർക്കിങ്ങില്‍ എത്തിയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.
സംഭവമറിഞ്ഞ് മെഡിക്കല്‍ കോളേജ് പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആശുപത്രി രേഖകള്‍ പരിശോധിച്ചും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചും മൃതദേഹം ആരുടേതാണെന്നും ആരാണ് ഇവിടെ ഉപേക്ഷിച്ചതെന്നും കണ്ടെത്താനുള്ള ഊർജിതമായ ശ്രമത്തിലാണ് പോലീസ്.
0 Comments