കിം കദാഷിയന്‍ ഒരു അമേരിക്കന്‍ മോഡലും നടിയും ടിവിതാരവും ബിസിനസ്സ്‌കാരിയുമാണ്. 2016ല്‍ അവര്‍ പാരീസിലെ ഒരു ഹോട്ടലില്‍ താമസിക്കുമ്പോള്‍ കദാഷിയന്‍ കൊള്ളയടിക്കപ്പെട്ടു. അവരെ കെട്ടിയിട്ട് തോക്ക് ചൂണ്ടി, കോടിക്കണക്കിന് ഡോളറിന്റെ ആഭരണങ്ങളുമായി കവര്‍ച്ചക്കാര്‍ കടന്നുകളഞ്ഞു. ഈ കവര്‍ച്ചകേസ് പിന്നീട് പാരീസിലെ കോടതിയിലെത്തി. തന്നെ ദേഹോപദ്രവമേല്‍പ്പിച്ച് കൊല്ലാന്‍ പോവുകയാണ് എന്നായിരുന്നു ആദ്യം കരുതിയത്. കൊന്നില്ല ഭാഗ്യം.. എന്നാണ് അവര്‍ കോടതിയില്‍ പറഞ്ഞത്. ഒപ്പം തന്റെ ഭര്‍ത്താവ് കാന്യവെസ്റ്റ് വിവാഹവാഗ്ദാന ദിനത്തില്‍ സമ്മാനിച്ച മോതിരമുള്‍പ്പെടെ വിലപ്പെട്ട ആഭരണങ്ങള്‍ കൊള്ളയടിക്കപ്പെട്ടതിന്റെ സങ്കടം അവര്‍ കോടതിയില്‍ പങ്ക് വെച്ചു. അമേരിക്കന്‍ റാപ്പ് സംഗീതജ്ഞനായ കാന്യവെസ്റ്റ് നല്‍കിയ ആ മോതിരത്തിന്റെ വില 40 ലക്ഷം ഡോളറായിരുന്നു. ഏകദേശം 34 കോടിയിലേറെ രൂപ!! കോടതിയില്‍ കവര്‍ച്ചാസംഘത്തലവന്റെ കത്ത് ലഭിച്ചിരുന്നു. കോടതി ആ കത്ത് വായിച്ചു. താന്‍ ചെയ്തതിനൊക്കെയും ക്ഷമചോദിക്കുന്ന കത്തായിരുന്നു അത്. കോടിക്കണക്കിന് രൂപയുടെ ആഭരണക്കൊള്ള നടത്തിയതിന് ശേഷം മാപ്പ് ചോദിച്ചാല്‍ മതിയോ എന്നതു സങ്കീര്‍ണ്ണപ്രശ്‌നമായി മാറി. എന്നാല്‍ ആ കത്ത് വായിച്ചുകഴിഞ്ഞപ്പോള്‍ കിം കദാഷിയന്‍ കോടതിക്ക് മുമ്പാകെ ഇങ്ങനെ ബോധിപ്പിച്ചു: ഈ കത്തിലെ മനസ്സ് ഞാന്‍ തിരിച്ചറിയുന്നു. ഞാന്‍ നിങ്ങളോട് ക്ഷമിക്കുന്നു... കോടതി ഞെട്ടിപ്പോയി. 34 കോടി രൂപയുടെ കവര്‍ച്ച നടത്തിയ പ്രതിയോടേ ക്ഷമിച്ചിരിക്കുന്നുവെന്ന്. അന്ന് കോടതിക്കും ഒപ്പം ലോകത്തിനും ഒരു കാര്യം മനസ്സിലായി. ക്ഷമിക്കാന്‍ അത്രയേറെ ധൈര്യം വേണം... എന്ന്. സ്‌നേഹത്തിന്റെ ഏറ്റവും ഉന്നതവും മനോഹരവുമായ രൂപമാണ് മാപ്പ് നല്‍കല്‍. ക്ഷമിക്കുമ്പോള്‍ നമുക്ക് കിട്ടുന്നത് അതിരില്ലാത്ത സമാധാനവും സന്തോഷവുമാണ്. ആ സന്തോഷവും സമാധാനവും നമുക്കും അനുവദിച്ച് കിട്ടണമെങ്കില്‍, ക്ഷമിക്കാനുളള ധൈര്യം നാം സമ്പാദിച്ചെടുക്കുക തന്നെ വേണം - ശുഭദിനം
0 Comments