ശത്രുതയിലായിരുന്ന പരുന്തും മൂങ്ങയും വൈരാഗ്യമെല്ലാം ഉപേക്ഷിച്ച് മിത്രങ്ങളായി മാറി. ഒരാള്‍ മറ്റൊരാളേയോ അവരുടെ കുടുംബത്തേയോ ഉപദ്രവിക്കില്ലെന്ന് ശപഥം ചെയ്തു. തന്റെ കുഞ്ഞുങ്ങളെ കണ്ടാല്‍ തിരിച്ചറിയുമോ എന്ന് മൂങ്ങ പരുന്തിനോട് ചോദിച്ചു. തനിക്ക് അറിയില്ല , ലക്ഷണം പറയൂ എന്നായി പരുന്ത്. മൂങ്ങ പറഞ്ഞു: എന്റെ കുഞ്ഞുങ്ങള്‍ കാണാന്‍ നല്ല സൗന്ദര്യമുളളവരാണ്, നന്നായി പാടും. പിന്നീടൊരിക്കല്‍ ഇരതേടിയിറങ്ങിയ പരുന്ത് മൂങ്ങയുടെ കൂട്ടിലെത്തി. അവിടെ കണ്ട കുഞ്ഞുങ്ങളെ കാണാന്‍ യാതൊരു ഭംഗിയും ഉണ്ടായിരുന്നില്ല. മാത്രമല്ല, അവയുടെ ശബ്ദം അസഹനീയവുമായിരുന്നു. പരുന്ത് അവയെ തിന്നു. മൂങ്ങ തിരിച്ചെത്തിയപ്പോള്‍ നടന്നതെല്ലാം അടുത്ത അറിഞ്ഞു സങ്കടപ്പെട്ടു. അപ്പോള്‍ അടുത്ത കൂട്ടിലെ വയസ്സായ മൂങ്ങ പറഞ്ഞു: എല്ലാം നിന്റെ മാത്രം പ്രശ്‌നമാണ്. നിന്റെ മക്കളുടെ ലക്ഷണം നീ പറഞ്ഞുകൊടുത്തത് ശരിയായിരുന്നില്ല. നിന്റെ കുഞ്ഞുങ്ങളെ നീ കാണുന്നതുപോലെയല്ല മറ്റുളളവര്‍ കാണുന്നത്. അവനവന്റേതെല്ലാം പൊന്നിന്‍കുടവും അപരന്റേതെല്ലാം പൊട്ടക്കലവും എന്നത് അഹംഭാവമാണ്. തന്റേതെല്ലാം എല്ലാവര്‍ക്കും വിശിഷ്ടമാണ്. സ്വന്തമായവയോടുളള ആസക്തി പലതരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. വേണ്ടതിലധികം പരിഗണനയും വിലയും നല്‍കും. ഒരു പോരായ്മയും തിരിച്ചറിയാന്‍ കഴിയാത്തവിധം കണ്ണുകള്‍ അന്ധമായിരിക്കും. അവര്‍ എന്തെങ്കിലും പരിമിതികള്‍ ചൂണ്ടിക്കാണിക്കുന്നവരെ പരിഹസിക്കും. മറ്റൊന്നിന്റെയും മഹത്വം മനസ്സിലാക്കില്ല. തന്റെയും തന്റെയൊപ്പമുളളവരുടേയും വളര്‍ച്ചയാഗ്രഹിക്കുന്നവര്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. എല്ലാം തികഞ്ഞവരായി ആരുമില്ല. ന്യൂനതകളില്ലാത്തവരായും ആരുമില്ല. മികവുകള്‍ മാത്രല്ല, വൈകല്യങ്ങളും അംഗീകരിക്കപ്പെടേണ്ടതുണ്ട്. നമുക്ക് സ്വയം വിലയിരുത്താനും യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിക്കാനും കഴിയട്ടെ - ശുഭദിനം.
0 Comments