കൊണ്ടോട്ടി:
ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ അവകാശ സംഘടനയായ വോയിസ് ഓഫ് ഡിഫ്രെൻ്റ്ലി ഏബിൾഡ് കൊണ്ടോട്ടി ബ്ലോക്കിലെ മുതവല്ലൂർ, പുളിക്കൽ പഞ്ചായത്തുകളിൽ കമ്മിറ്റികൾ രൂപീകരിച്ചു.
ചീക്കോട് അബ്ദുസ്സലാം സ്വാഗതം ചെയ്ത സംഘടനാ രൂപീകരണ പരിപാടിയിൽ, വോയിസ് ഓഫ് ഡിഫ്രെൻ്റ്ലി ഏബിൾഡ് ജില്ലാകമ്മിറ്റി അംഗം ഫൈസൽ ബാബു കാവന്നൂർ മുഖ്യപ്രഭാഷണം നടത്തി.
RPwD Act 2016 പ്രകാരം ഭിന്നശേഷിക്കാർക്ക് ലഭിക്കുന്ന അവകാശങ്ങൾ സർക്കാർ നൽകുന്ന ആനുകൂല്യങ്ങളായി ചുരുക്കപ്പെടുന്നത് ഗുരുതരമായ നിയമലംഘനമാണെന്നും, ഭിന്നശേഷിക്കാർക്ക് മാന്യതയോടെ ജീവിക്കാനുള്ള അവകാശം (Right to Dignity), സമത്വം (Equality), വിവേചനരഹിത സമീപനം (Non-discrimination) എന്നിവ ഭരണഘടനാപരമായ അവകാശങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാഭ്യാസ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, ആരോഗ്യ വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണത്തിൽ നിയമപരമായ ബാധ്യതയുണ്ടെന്നും, ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് Inclusive Education ഉറപ്പാക്കുന്നതിൽ സ്കൂളുകൾ പരാജയപ്പെട്ടാൽ അത് കർത്തവ്യലംഘനവും ശിക്ഷാർഹമായ അവഗണനയും ആയി കണക്കാക്കപ്പെടുമെന്നും ഫൈസൽ ബാബു പറഞ്ഞു.
സ്കൂളുകളിലും കുടുംബങ്ങളിലും സമൂഹത്തിലും നടക്കുന്ന അവഗണന, പരിഹാസം, മാറ്റിനിർത്തൽ, ചൂഷണം എന്നിവ RPwD Act-ന്റെ Section 7, 16, 17 എന്നിവയുടെ തുറന്ന ലംഘനമാണെന്നും, ഇത്തരം കേസുകളിൽ Disability Commissioner, District Disability Officer, Child Rights Commission തുടങ്ങിയ നിയമ സംവിധാനങ്ങൾ വഴി കർശനമായ നടപടി സ്വീകരിക്കാൻ സംഘടന മുന്നിൽ നിൽക്കുമെന്നും മുഖ്യപ്രഭാഷണത്തിൽ വ്യക്തമാക്കി.
ഭിന്നശേഷിക്കാരുടെ അവകാശങ്ങളെ പെൻഷൻ, സ്കോളർഷിപ്പ് തുടങ്ങിയ സർക്കാർ സഹായങ്ങളിൽ ഒതുക്കുന്ന സമീപനം അവസാനിപ്പിച്ച്, നിയമപരമായ സംരക്ഷണവും ഉത്തരവാദിത്വമുള്ള ഭരണ സംവിധാനവും ഉറപ്പാക്കുക എന്നതാണ് വോയിസ് ഓഫ് ഡിഫ്രെൻ്റ്ലി ഏബിൾഡിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിപാടിക്ക് അൻവർ സാദത്ത് (കൊണ്ടോട്ടി), ബാവുക്ക (പുളിക്കൽ), രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
യോഗത്തിന് ഹനീഫ മുണ്ടംപറമ്പ് നന്ദി പറഞ്ഞു.
0 Comments