ഏറനാടൻ എം എ റഹ്‌മാൻ ജീവിതമെഴുതുന്നു
ഇടവപ്പാതി മഴ തിമർത്തു പെയ്യുന്നു.
റോഡിനോരം ചേർന്ന് അഭ്യുദയകാംക്ഷികൾ പണിതു കൊടുത്ത കൊച്ചു വീട്ടിൽ രണ്ട് കുഞ്ഞു റൂമുകളിലായി ഏഴു മക്കൾ വിശന്നുറങ്ങുന്നു. പൊളിയില്ലാത്ത ജനലിലൂടെ മഴയുടെ നനവ് ഈറനായി മുറിയിലേക്ക് മെല്ലെ അരിച്ചിറങ്ങുന്നുണ്ട്.
മൺവിളക്കിന്റെ ഇത്തിരിവെട്ടത്തിൽ പാകമായതും ആവാത്തതുമായ കുറെയേറെ വസ്ത്രങ്ങൾ തിരഞ്ഞെടുത്ത് മക്കൾക്ക് നൽകാനായി ഉറക്കമൊഴിച്ചിരിക്കുന്ന ഒരുമ്മയുടെ നിഴൽ വട്ടം കൂടി കാണാം. നായയോ കുറുക്കനോ അതോ നരിച്ചീരോ ഏതോ ഒന്ന് പുറത്തു ഓരിയിടുന്നുണ്ട്. ആരും ക്ഷണിക്കാതെ പുറത്ത് അലമുറയിട്ട് ഭീകരാവസ്ഥ സൃഷ്ട്ടിക്കുന്ന കാറ്റ് ഇടക്കിടക്ക് തുറന്നിട്ട ജാലകം വഴി അകത്ത് കയറി മണ്ണണ്ണ വിളക്കിലെ ഈ ഇത്തിരി വെട്ടം കെടുത്താനും ശ്രമിക്കുന്നുണ്ട്. അപ്പൊ മാത്രം ഉമ്മയുടെ കൈകൾ തുന്നിക്കൊണ്ടിരിക്കുന്ന വസ്ത്രം വിട്ട് വിളിക്കിലേക്ക് വരും. പിന്നെ മക്കളോടെന്നപോൾ അതിനെ ചേർത്തു പിടിക്കും, അപ്പൊ മാത്രം കാറ്റ് പിന്മാറും.
പുറത്തെ ഇരുണ്ട ആകാശിലെവിടെയോ രണ്ടു മേഘങ്ങൾ കണ്ടു മുട്ടി. അതിഭീകരമായി അവ പരസ്പരം അലിഞ്ഞു ചേർന്നു. അപ്പൊ മിന്നും ഇടിയും ഒന്നിച്ചുണ്ടായി. മൃദമെന്നു തോന്നിച്ചെങ്കിലും അവയുടെ ആത്മാക്കൾ നിന്ന് തേങ്ങി. ഇടിയുടെ ശബ്ദം മഴയുടെ പെയ്ത്തിൽ പകുതി മറഞ്ഞു. മഴ തുടരുക തന്നെയാണ്, ഇടിയും. കുറെയേറെ മേഘങ്ങൾ പിന്നെയും പിന്നെയും ഒന്നായിക്കൊണ്ടേയിരുന്നു, അതിനനുസരിച്ചു അവ അത്യുഗ്രമായി പൊട്ടിത്തെറിച്ചു.
ഒന്നോർത്താൽ ജൈവികമായി ജലത്തിന്റെ അതെ മൂലകങ്ങൾ വഹിക്കുന്ന മേഘങ്ങൾ പോലെ തന്നെയല്ലേ മനുഷ്യരും? സ്നേഹം കൊണ്ട് മൂടേണ്ട അവയുടെ നനവുകൾ പരസ്പരം അടുത്തു വരുമ്പോ അതിഭീകരമായ പൊട്ടി തെറിക്കുന്നു, ഇടി ശബ്ദം ഉണ്ടാക്കുന്നു. ആശ്വസിപ്പിക്കേണ്ടുന്ന കൈകൾ ഒട്ടും ആർദ്രമാവാത്തതെന്തേ? സാരി കൊണ്ട് മറച്ച ജനൽ പാളികളിലൊന്നിൽ കൂടി കണ്ണഞ്ചിപ്പിക്കുന്ന ഒരു മിന്നൽ മുഖത്തടിച്ചപ്പോൾ ഞാൻ മെല്ലെ കണ്ണ് തുറന്നു, ഇനിയിപ്പോ ഒരിടി ഉണ്ടാകും.
'പൂമോനെ, നീ ഉണർന്നോ?'
പാതി ഉറങ്ങിയ കണ്ണുകൾ ഒന്നുകൂടി വിടർത്തി ഉമ്മ ചോദിക്കുകയാണ്.
മേലാകെ പുണരുന്ന ഏട്ടന്റെ കൈ മെല്ലെ എടുത്തു മാറ്റി ഞാൻ ഉമ്മയെ നോക്കി.
'ട്ടേം ട്ടേം ട്ടേം'
അപ്പൊ ഒരിടി പൊട്ടി, ഞാനാകെ പേടിച്ചു ചുരുണ്ടു, ഉമ്മയും പേടിച്ചു കാണും.
അതല്ലങ്കിൽ നേരത്തെ തന്നെ മിന്നൽ ഒരു സൂചന തന്നതിനാൽ ഒരുപക്ഷെ ഉമ്മ പേടിച്ചിട്ടില്ലായിരിക്കാം.
'നാളെയാണ് പോകേണ്ടത്?'
വീണ്ടും കണ്ണുകൾ ഉറക്കത്തിലേക്ക് വലിക്കുമ്പോ ഉമ്മ ഓർമിപ്പിച്ചു.
അതെ ഒരു നിയോഗം കണക്കെ ഞാനും എന്റെ ജീവിതത്തിൽ ഏറ്റുവാങ്ങേണ്ട ദിനമാണ് നാളെ.
എനിക്ക് മുകളിലുള്ള അഞ്ചു പേരും പോയ വഴിയിലൂടെ എനിക്കും പോകേണ്ടിയിരിക്കുന്നു.
ആ ഓർമപ്പെടുത്തലിൽ എനിക്ക് ആദ്യം അനുഭവപ്പെട്ടത് സന്തോഷമോ സന്താപമോ?
അറിയില്ല, ഏതായാലും നാളെ പോകണം, പോയെ പറ്റു.
കാരണം ഒരു നിയോഗം കണക്കെ ഞാനും എന്റെ ജീവിതത്തിൽ ഏറ്റുവാങ്ങേണ്ട ദിനമാണ് നാളെ.
-തുടരും
' സർക്കസും പോരാട്ടവും '
ഏറനാടൻ എം എ റഹ്‌മാൻ ജീവിതമെഴുതുന്നു........
0 Comments