തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തൃശൂര്‍ ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും നിലവിലുണ്ട്. തെക്കന്‍ അറബിക്കടലിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി രൂപപ്പെട്ട ചക്രവാതചുഴിയാണ് മഴ ശക്തമാകാന്‍ കാരണമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിശദീകരണം. ഇതോടൊപ്പം മധ്യകിഴക്കന്‍ അറബിക്കടലിന് മുകളില്‍ മറ്റൊരു ചക്രവാതചുഴിയും കേരള തെക്കന്‍ തമിഴ്‌നാട് തീരത്തോട് ചേര്‍ന്ന് ന്യൂനമര്‍ദ്ദ പാത്തിയും നിലനില്‍ക്കുന്നുണ്ട്. അടുത്ത മണിക്കൂറുകളിലും മഴ ശക്തമായി തുടരുമെന്ന മുന്നറിയിപ്പാണ് അധികൃതര്‍ നല്‍കുന്നത്. ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ കേരള-കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് മേഖലയിലും മല്‍സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ലക്ഷദ്വീപ്, കന്യാകുമാരി, മാലിദ്വീപ് തീരങ്ങള്‍, തെക്കുകിഴക്കന്‍ തെക്കുപടിഞ്ഞാറന്‍ അറബിക്കടല്‍ മേഖലകള്‍ എന്നിവിടങ്ങളിലും മോശം കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം. തൃശൂര്‍ ജില്ലയില്‍ അടുത്ത മൂന്നു മണിക്കൂറില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി അധികൃതര്‍ അറിയിച്ചു. തീരദേശ മലയോര മേഖലകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.
0 Comments