*റിയാദ്:* സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീം ഇന്നലെ മോചിതനായില്ല മോചനത്തിനായുള്ള എക്‌സിറ്റ് ഉത്തരവ് ഇന്നലെ പുറത്തിറങ്ങിയില്ല. കോടതി വിധിച്ച 20 വര്‍ഷത്തെ തടവുശിക്ഷ ഇന്നലെ അവസാനിച്ച പശ്ചാത്തലത്തില്‍ ഇന്നലെ തന്നെ എക്‌സിറ്റ് വിസ നേടി നാട്ടിലെത്താനായിരുന്നു ശ്രമം.
ബലിപെരുന്നാള്‍ അവധിക്ക് മുന്‍പ് റഹീമിനെ നാട്ടിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ അതിവേഗ നീക്കങ്ങളാണ് റിയാദില്‍ പുരോഗമിക്കുന്നത്. എന്നാല്‍ ഇന്നും എക്‌സിറ്റ് ലഭിച്ചില്ലെങ്കില്‍ പെരുന്നാള്‍ അവധിക്ക് ശേഷം മാത്രമേ മോചനം സാധ്യമാകൂ എന്നും ആശങ്കയുണ്ട്.
ശിക്ഷാകാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ റഹീമിനെ ഫൈനല്‍ എക്‌സിറ്റ് കാത്തിരിക്കുന്നവര്‍ക്കായുള്ള പ്രത്യേക തടവുകേന്ദ്രത്തിലേക്ക് മാറ്റും. ഇവിടെ നിന്നായിരിക്കും തുടര്‍ന്നുള്ള നടപടികള്‍. യാത്രയ്ക്കായി ഇന്ത്യന്‍ എംബസി അനുവദിച്ച താല്‍ക്കാലിക പാസ്പോര്‍ട്ട് ഉപയോഗിച്ചാണ് നിലവില്‍ എക്‌സിറ്റിനായി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ഇന്ന് അനുമതിപത്രം ലഭിച്ചാല്‍ റഹീമിന് ഉടന്‍ തന്നെ നാട്ടിലേക്ക് വിമാനം കയറാനാകും.
2006 ഡിസംബര്‍ 24നാണ് സൗദി ബാലന്‍ അനസ് അല്‍ ശഹ്രി കൊല്ലപ്പെട്ട കേസില്‍ റഹീം ജയിലിലാവുന്നത്. ലോകമെമ്പാടുമുള്ള മലയാളി സമൂഹം ഒത്തൊരുമിച്ച് സമാഹരിച്ച ദയാധനം ഇന്ത്യന്‍ എംബസി വഴി നേരത്തെ റിയാദ് കോടതിയില്‍ അടച്ചിരുന്നു. വധശിക്ഷ റദ്ദാക്കിയ കോടതി, തുടര്‍ന്ന് 20 വര്‍ഷത്തെ തടവുശിക്ഷ പൂര്‍ത്തിയാക്കാന്‍ ഉത്തരവിടുകയായിരുന്നു
0 Comments