ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം 'ജനനായകൻ' റിലീസിന് മുൻപേ ഇന്റർനെറ്റില്‍ പ്രചരിക്കുന്നു.ചിത്രത്തിന്റെ നിർണ്ണായക രംഗങ്ങള്‍ ഉള്‍പ്പെടെയുള്ള വീഡിയോ ക്ലിപ്പുകളാണ് വിവിധ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ടെസ്റ്റ് സ്‌ക്രീനിങ്ങിനിടെ ലാപ്‌ടോപ്പില്‍ നിന്നും പകർത്തിയതെന്ന് കരുതുന്ന അഞ്ചര മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയാണ് പ്രധാനമായും പ്രചരിക്കുന്നത്.
സംഘട്ടന രംഗത്തില്‍ വിജയ്‌യുടെ ഇൻട്രോ, ചിത്രത്തിന്റെ ടൈറ്റില്‍ കാർഡ് തുടങ്ങിയവ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പുകളില്‍ കാണാം. ഒട്ടേറെപ്പേർ ദൃശ്യങ്ങള്‍ പങ്കുവെച്ചു.
പറയപ്പെടുന്ന സീനുകള്‍ക്ക് പുറമേ കൂടുതല്‍ ഭാഗങ്ങള്‍ പ്രചരിക്കുന്നതായി ചില സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ ചൂണ്ടിക്കാണിച്ചു. ദളപതി കച്ചേരി പാട്ട്, ചില കാമിയോ വേഷങ്ങള്‍ വെളിപ്പെടുത്തുന്ന സീനുകള്‍ എന്നിവയും പ്രചരിക്കുന്നതായി അവകാശപ്പെട്ടു. ലാപ്‌ടോപ്പില്‍ എടുത്ത വീഡിയോകളാണ് പ്രചരിക്കുന്നത്. ദളപതി കച്ചേരി പാട്ടിന്റെ ലിറിക്കല്‍ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു.
മുഴുവൻ ചിത്രം തന്നെ ചോർന്നതായി പലരും എക്‌സില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിന് സ്ഥിരീകരണമില്ല. എക്‌സിന് പുറമേ യൂട്യൂബ്, റെഡ്ഡിറ്റ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളിലും ചിത്രത്തിന്റെ ഭാഗങ്ങള്‍ പ്രചരിക്കുന്നതായി പറയപ്പെടുന്നു. അതേസമയം നിർമാതാക്കള്‍ വാർത്തകളോട് പ്രതികരിച്ചിട്ടില്ല.
മുഴുവൻസമയ രാഷ്ട്രീയത്തിലിറങ്ങിയ വിജയ്‌യുടെ അവസാന ചിത്രമെന്നാണ് 'ജനനായകൻ' വിശേഷിപ്പിക്കപ്പെടുന്നത്. എച്ച്. വിനോദ് സംവിധാനംചെയ്യുന്ന ചിത്രത്തില്‍ പൂജ ഹെഗ്‌ഡെ, മമിത ബൈജു എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്നു. പൊങ്കല്‍ റിലീസായി പദ്ധതിയിട്ട ചിത്രം സെൻസർ ബോർഡ് അനുമതി വൈകിയതിനെത്തുടർന്ന് റിലീസ് നീണ്ടുപോവുകയായിരുന്നു. കോടതിയെ സമീപിച്ചെങ്കിലും നിർമാതാക്കള്‍ക്ക് അനുകൂലമായി വിധിയുണ്ടായില്ല.
0 Comments