അരീക്കോട് : സർക്കാർ ആശുപത്രികളെക്കുറിച്ചുള്ള ആശങ്കകൾക്കും അനാസ്ഥാ വാർത്തകൾക്കുമിടയിൽ പ്രതീക്ഷയുടെയും ആശ്വാസത്തിന്റെയും വാർത്തയുമായി മഞ്ചേരി മെഡിക്കൽ കോളേജ്. തൊണ്ടയിൽ കുപ്പിയുടെ അടപ്പ് കുടുങ്ങി ജീവൻ അപകടത്തിലായ പത്തുമാസം പ്രായമുള്ള കുഞ്ഞിനെ ഡോക്ടർമാരും നഴ്‌സുമാരും അടങ്ങുന്ന സംഘം അതിവിദഗ്ദ്ധമായി ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്നു. ഈ അഭിമാനകരമായ രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ പത്തനാപുരം സ്വദേശിനിയായ സ്റ്റാഫ് നഴ്‌സ് നസീബയ്ക്ക് സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും അഭിനന്ദനപ്രവാഹം.
മഞ്ചേരി മുട്ടിപ്പാലം സ്വദേശികളായ ദമ്പതികളുടെ പത്തുമാസം പ്രായമുള്ള കുഞ്ഞാണ് കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് വിഴുങ്ങിയത്. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി അവശനായ കുഞ്ഞിനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി മഞ്ചേരി മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലും എത്തിക്കുകയായിരുന്നു.
പരിശോധനയിൽ പച്ച നിറത്തിലുള്ള പ്ലാസ്റ്റിക് അടപ്പ് തൊണ്ടയിൽ പൂർണ്ണമായും കുടുങ്ങി ശ്വാസതടസ്സം സൃഷ്ടിക്കുന്ന നിലയിലാണെന്ന് കണ്ടെത്തി.
അത്യാഹിത വിഭാഗം മേധാവി ഡോ. ഷാനവാസിന്റെ നേതൃത്വത്തിൽ ഡോ. സ്നേഹ, ഡോ. സയൻ എന്നിവർക്കും നഴ്‌സുമാരായ ഉമ്മർ, ജയശ്രീ, നസീബ എന്നിവർക്കുമൊപ്പം അതിവേഗത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. ജീവനക്കാരുടെ ഏറെ നേരത്തെ കഠിന പരിശ്രമത്തിനൊടുവിൽ അടപ്പ് പുറത്തെടുത്തതോടെയാണ് കുഞ്ഞിന്റെ ശ്വാസതടസ്സം മാറിയതും ജീവൻ തിരിച്ചുകിട്ടിയതും. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചതിനാലാണ് ജീവൻ രക്ഷിക്കാൻ കഴിഞ്ഞതെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
സർക്കാർ ആശുപത്രികളിലെ വീഴ്ചകൾ മാത്രം വലിയ വാർത്തയാകുന്ന ഇക്കാലത്ത്, സ്വന്തം ഉത്തരവാദിത്തങ്ങൾ തികഞ്ഞ ആത്മാർത്ഥതയോടെ നിർവഹിച്ച ഈ മെഡിക്കൽ സംഘം ആരോഗ്യമേഖലയ്ക്ക് തന്നെ വലിയ മാതൃകയാണ്.
കിഴുപറമ്പ് പഞ്ചായത്തിലെ പത്തനാപുരം നിവാസികൾക്ക് ഈ വാർത്ത ഇരട്ടി മധുരമാകുന്നത് ഈ മെഡിക്കൽ സംഘത്തിൽ തങ്ങളുടെ സ്വന്തം നാട്ടുകാരിയായ മുണ്ടോടൻ നസീബയും ഉണ്ടായിരുന്നു എന്നതിനാലാണ്. പത്തനാപുരം പള്ളിപ്പടിയിൽ പ്ലസന്റ് വീട്ടിൽ താമസിക്കുന്ന കടൂരൻ അബ്ദുസ്സമദ് - ആരിഫ ടീച്ചർ ദമ്പതിമാരുടെ മകൻ അമലിന്റെ ഭാര്യയാണ് നസീബ.
മാതൃകാപരമായ ഈ ഇടപെടലിലൂടെ ഒരു പിഞ്ചു ജീവൻ രക്ഷിച്ച മുഴുവൻ മെഡിക്കൽ സംഘത്തിനും, അതിൽ തിളക്കമാർന്ന സാന്നിധ്യമായ നസീബ സിസ്റ്റർക്കും അഭിനന്ദനങ്ങൾ.
0 Comments